Crime
പെഗസിസ് :പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ വിഷയമെന്ന് കോടതി

ഡൽഹി: പെഗസിസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ വിഷയമെന്ന് സുപ്രിംകോടതി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹര്‍ജിക്കാരനോട് ചോദിച്ചു. പെഗസിസ് ചാരവൃത്തിയെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ‘വിഷയം 2019 മെയ് മാസത്തില്‍ പറത്തുവന്നതാണ്. അന്ന് അതാരും കാര്യമായി എടുത്തില്ല. ഹര്‍ജികളില്‍ ഭൂരിഭാഗവും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമപ്രകാരം അധികൃതര്‍ക്ക് പരാതി നല്‍കിയോ എന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.
രണ്ട് ദിവസം മുന്‍പ്. ഫോണ്‍ ചോര്‍ത്തലിന് ഇരയായവരുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയിലെത്തിയ അഞ്ചാമത്തെ ഹര്‍ജിയായിരുന്നു ഇത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ വാദം. പെഗസിസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് പുതിയ ലിസ്റ്റ് ഇന്നലെ ദി വയര്‍ പുറത്തുവിട്ടിരുന്നു. സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പഴയ ഫോണ്‍ നമ്പര്‍ പെഗസിസ് പട്ടികയിലുണ്ട്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര.
എന്‍ കെ ഗാന്ധി, ടി ഐ രാജ്പുത് എന്നിങ്ങനെ റിട്ട് സെക്ഷനിലുള്ള രണ്ട് രജിസ്ട്രാര്‍മാരുടെ നമ്പറുകളും പട്ടികയിലുണ്ട്.