Crime
അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ച യുവാവ് മരണപ്പെട്ടു

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ച യുവാവ് മരിച്ചു. കണ്ണൂരിനടുത്ത തളാപ്പ് സ്വദേശി പി.വിഅശ്വിൻ (26) ആണ് മരിച്ചത്. റമീസിന്റെ മരണത്തിനിടയാക്കിയ ദിവസം കാർ ഓടിച്ചിരുന്നത് അശ്വിനായിരുന്നു.
കണ്ണൂർ അഴീക്കോട് നടന്ന അപകടത്തിലാണ് റമീസ് മരിച്ചത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന് ശേഷം സ്വർണ്ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനിരിക്കെയായിരുന്നു റമീസിന്റെ മരണം. റമീസിനെ കൊലപ്പെടുത്തിയതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ആരോപിച്ചിരുന്നു. എന്നാൽ മരണത്തിൽ ദുരുഹത ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിന് പിന്നാലെയാണ് കാറോടിച്ചിരുന്ന അശ്വിന്റെ മരണം.
രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇന്നലെ അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.