Crime
ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്

ഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെത്തിയ നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയവരെ താലിബാൻ സംഘം പിടിച്ചുവച്ചെന്നാണ് വിവരം.
എന്നാൽ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കാബൂൾ ഹമിദ് കർസായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന 100 ഇന്ത്യക്കാരും 50 അഫ്ഗാനികളുമാണ് തടഞ്ഞുവെക്കപ്പെട്ടതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഇവരെ അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോയതായും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും വിവരമുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിക്കുകയാണ്. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്.
വിമാനത്താവളത്തിനു പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ന് രാവിലെ 85 ഇന്ത്യൻ പൗരന്മാരുമായി സി-130ജെ വിമാനം കാബൂളിൽ നിന്നും പുറപ്പെട്ടിരുന്നു.