Connect with us

International

ഇന്ത്യ വീണ്ടും അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കൽ തുടങ്ങി

Published

on

കാബൂൾ: ഇന്ത്യ വീണ്ടും അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കൽ തുടങ്ങി. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 85 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളതെന്നാണ് സൂചന.

ഇന്ധനം നിറയ്ക്കാൻ ഈ വ്യോമസേനാ വിമാനം നിലവിൽ താജിക്കിസ്ഥാനിൽ ഇറങ്ങി. മണിക്കൂറുകൾക്കുള്ളിൽ ഈ വിമാനം ഡൽഹിയിലെ ഹിൻഡൻ വിമാനത്താവളത്തിലെത്തും. ഇക്കാര്യത്തിൽ അന്തിമസ്ഥിരീകരണമായിട്ടില്ല. ഇരുന്നൂറോളം ഇന്ത്യൻ പൗരൻമാരെയാണ് വിമാനത്താവളത്തിന് അടുത്തേക്ക് നാല് ബസ്സുകളിലായി ഇന്ന് രാവിലെയോടെ എത്തിച്ചിരിക്കുന്നത്.

എന്നാൽ വിമാനത്താവളത്തിന് അകത്തേക്ക് ആളുകളെ കടത്തിവിടാത്തതിനാൽ ഒഴിപ്പിക്കലിൽ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇതിൽ 85 പേരെയുമായാണോ വിമാനം പുറപ്പെട്ടിരിക്കുന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്.

മറ്റൊരു സി17 വിമാനം കൂടി ഇന്ത്യക്കാരെ പുറത്തെത്തിക്കാനായി തയ്യാറായി നിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന ഇന്ത്യക്കാരെ അകത്ത് എത്തിക്കാനായാൽ ഉടൻ ഈ വിമാനം പുറപ്പെടുമെന്നാണ് വിവരം.

Continue Reading