Crime
കൂടത്തായി പ്രതിയായ ജോളിയെ വേണ്ടെന്ന് ഭര്‍ത്താവ് ഷാജു . വിവാഹമോചന ഹര്‍ജി നല്‍കി

കോഴിക്കോട് : കൂടത്തായി കൊലപാതകകേസിലെ പ്രതിയായ ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ വിവാഹമോചന ഹര്‍ജി നല്‍കി. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.ജോളി തന്‍റെ ജീവനും ഭീഷണിയാണെന്നും ഇങ്ങനെയൊരാളുടെ കൂടെ ജീവിക്കാനാകില്ലെന്നും ഹര്‍ജിയില്‍ ഷാജു ചൂണ്ടിക്കാട്ടി. തന്‍റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പെടുത്താനായി വ്യാജമൊഴി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടത്തായി കേസിലെ സാക്ഷി കൂടിയാണ് ഷാജു.ജോളി ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലിലാണുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന ജോളിക്ക് ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ല്‍ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്.എന്നാല്‍ ഈ രണ്ടു മരണങ്ങള്‍ ഉള്‍പ്പെടെ ഇരുവരുടെയും കുടുംബത്തില്‍ നടന്ന ആറു മരണവും കൊലപാതകമാണെന്ന് 2019 ഒക്ടോബറില്‍ പൊലീസ് കണ്ടെത്തി. ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ എം.എം.മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 2002 നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്.ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാജുവിന്റെ വിവാഹമോചന ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.