Crime
വ്യാജ അഭിഭാഷക സെസി സേവ്യറിന്റ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കോടതികളെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച വ്യാജ അഭിഭാഷക സെസി സേവ്യറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ല. അറസ്റ്റ് തടഞ്ഞ് മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി.
എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ യുവതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. കീഴടങ്ങുന്നില്ലെങ്കിലും കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പോലീസിനും നിർദ്ദേശം നൽകി.തട്ടിപ്പ് പുറത്തായതിന് പിന്നാലെ സെസിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പിന്നാലെ ഒളിവിൽ പോയ ഇവരെ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മാസങ്ങൾക്ക് ആലപ്പുഴ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങാൻ എത്തിയ സെസി തനിക്കെതിരേ ജാമ്യാമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് മനസിലാക്കി തന്ത്രപൂർവം മുങ്ങുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഹർജി സമർപ്പിച്ചത്.
നിയമബിരുദം പൂർത്തിയാക്കാത്ത സെസി മറ്റൊരു അഭിഭാഷകയുടെ എൻ റോൾമെന്റ് നമ്പർ ഉപയോഗിച്ചാണ് വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തത്. കുറച്ചുകാലം കൊണ്ടുതന്നെ ബാർ അസോസിയേഷനിൽ വലിയ സ്വാധീനമുണ്ടാക്കിയ യുവതി അഭിഭാഷക കമ്മീഷനായി വരെ പ്രവർത്തിച്ചു. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കാനും ഇവർക്ക് സാധിച്ചു.