Crime
പനമരം ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ

പനമരം ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ
വയനാട്: പനമരം ഇരട്ടക്കൊലപാതക കേസില പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഇറങ്ങിയോടി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച നെല്ലിയമ്പം കുറുമ കോളനി നിവാസി അർജുനാണ് ഇരട്ടക്കൊല നടത്തിയതെന്ന് കണ്ടെത്തി.. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയൽവാസിയാണ് പ്രതി.
കഴിഞ്ഞ ജൂണ്‍ 10-നാണ് പനമരത്ത് വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴെ നെല്ലിയമ്പത്ത് പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരാണ് മരിച്ചത്. കൊലപാതകം നടന്ന 100 ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എണ്‍പതിനായിരത്തോളം ഫോണ്‍ കോളുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തുമ്പ് ലഭിച്ചിരുന്നില്ല. പിന്നീട് ദമ്പതികൾ താമസിച്ചിരുന്ന വീടിന്റെ പരിസത്ത് നിന്നും ലഭിച്ച വിരലടയാളമാണ് യുവാവിലേക്ക് അന്വേഷണം തിരിച്ചതെന്നാണ് വിവരം.ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം യുവാവിനെ മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ സ്റ്റേഷനിൽ നിന്നും ഇറങ്ങിയോട് കൈയിൽ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വ്യാഴാഴ്ച പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലയുടെ പ്രതിയെ തിരിച്ചറിഞ്ഞത്.