Crime
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും ഇ.ഡി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും ഇ.ഡി. ശക്തമായ വാദങ്ങളാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്നത്. ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേണ്‍ അടയ്ക്കാതെ കോടികള്‍ ഒഴുക്കിയെന്നതുമാണ് പ്രധാന ആരോപണങ്ങള്‍.
കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ കൂടി ഇനിയും ചോദ്യം ചെയ്യാനുണ്ട്. ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ സുഹൃത്ത് അരുണ്‍ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. ബിനീഷിന് വേണ്ടിയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ നടത്തിയ വ്യക്തിയാണ് അനിക്കുട്ടന്‍. അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇ.ഡി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്.
ബിസിനസ് സംരംഭങ്ങളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നത്. ഗള്‍ഫില്‍ പോയി വിവിധ ബിസിനസുകള്‍ ചെയ്ത് നിയമപരമായിട്ടാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് കോടിയേരി വാദിക്കുന്നതെങ്കിലും ഇതിനൊന്നും ഒരു തെളിവോ രേഖകളോ സമര്‍പ്പിക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ഇ.ഡി ജാമ്യാപേക്ഷയെ എതിര്‍ത്ത് വാദിച്ചു.ഹൈക്കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ കേസില്‍ ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.