KERALA
നിയമസഭയില്‍ വരാത്ത പി.വി. അന്‍വര്‍ എംഎൽഎ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം∙ തുടര്‍ച്ചയായി നിയമസഭയില്‍ വരാത്ത പി.വി. അന്‍വര്‍ എംഎൽഎ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാരൃത്തിൽ എല്‍ഡിഎഫ് നിലപാടെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എംഎൽഎ എന്തുകൊണ്ടാണ് സഭയിൽ ഹാജരാകാത്തതെന്ന് സർക്കാരാണ് വ്യക്തമാക്കേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് മൂന്നു മാസം സ്ഥലത്തില്ല, തിരഞ്ഞെടുപ്പിന് ശേഷവും ഇല്ല. ഇങ്ങനെയാണെങ്കിൽ അൻവർ രാജിവയ്ക്കുന്നതല്ലേ നല്ലതെന്നും സതീശൻ ചോദിച്ചു.
നിലമ്പൂർ എംഎൽഎയായ അൻവർ സഭയിൽ എത്താത്തത് നേരത്തെയും ചർച്ചയായിരുന്നു. പതിനഞ്ചാം സമ്മേളനത്തിന്റെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും പി.വി.അൻവർ സഭയിൽ എത്തിയിട്ടില്ല. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് സമ്മേളിച്ചത്. ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. രണ്ടാം സമ്മേളനത്തിൽ ഹാജരായില്ല. ഭരണഘടനയുടെ 190 (4) പ്രകാരം, 60 സഭാ സമ്മേളനങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ എംഎൽഎയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുണ്ട്.
