Crime
ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ ഒന്നും പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. രജിസ്റ്റർ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി ടി എ റഹീം എം എൽ എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല, പൗരത്വ പ്രതിഷേധ കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ചുവരികയാണെന്നും, തുടർനടപടികൾ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിലെ കേസുകളും, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകളും പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് 2636 കേസുകളും, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 836 കേസുകളുമാണ് രജിസ്റ്റ്രർ ചെയ്തിരുന്നത്.