Connect with us

Education

കോവിഡില്‍ അടച്ചിട്ട രാജ്യത്തെ കോളേജുകള്‍ വീണ്ടും തുറക്കുന്നു

Published

on

ന്യൂഡല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ കോളേജുകള്‍ തുറക്കുന്നു. പുതി അക്കാദമിക്ക് കലണ്ടറിന് യു.ജി.സി അംഗീകാരം നല്‍കി.ഇതനുസരിച്ച് ഡിഗ്രി, ബിരുദാനന്തര ബിരുദ ( പി ജി ) ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു. നവംബര്‍ 30 ന് ശേഷം പ്രവേശന നടപടികള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദശത്തില്‍ വ്യക്തമാക്കുന്നു.

യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച്, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അക്കാദമിക് സെഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാം. യോഗ്യതാ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടെങ്കില്‍, നവംബര്‍ 18 നകം സര്‍വകലാശാലകള്‍ അക്കാദമിക് സെഷന്‍ ആസൂത്രണം ചെയ്ത് ആരംഭിക്കണം. എന്നാല്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനായോ, ഓഫ്ലൈനായോ നടത്തണമെന്നത് സംബന്ധിച്ച് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നില്ല.

വിദ്യാര്‍ത്ഥികളുടെ മെറിറ്റ് അല്ലെങ്കില്‍ എന്‍ട്രന്‍സ് അധിഷ്ഠിത പ്രവേശനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുകയും അവശേഷിക്കുന്ന സീറ്റുകളിലെ അഡ്മിഷന്‍ നവംബര്‍ 30 നകം പൂര്‍ത്തിയാക്കുകയും വേണം. പ്രവേശന പ്രക്രിയ എത്രയും വേഗം പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്ക്, നവംബര്‍ 18 വരെ കാത്തിരിക്കാതെ അധ്യയന വര്‍ഷം നേരത്തെ ആരംഭിക്കാന്‍ കഴിയുമെന്ന് യുജിസി വൈസ് പ്രസിഡന്റ് ഭൂഷണ്‍ പട്വര്‍ധന്‍ പറഞ്ഞു.

പ്രവേശനം റദ്ദാക്കുകയോ / താമസം മാറുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും നവംബര്‍ 30 വരെ തിരികെ നല്‍കുമെന്ന് യുജിസി അറിയിച്ചു. അതിനുശേഷം, ഡിസംബര്‍ 31 വരെ പ്രവേശനം റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍, 1,000 രൂപയില്‍ കൂടാത്ത പണം പ്രോസസ്സിംഗ് ഫീസായി ഈടാക്കും.

വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കണം. കോവിഡ് മൂലം ക്ലാസ്സുകള്‍ വൈകിയതിനാല്‍, ആഴ്ചയില്‍ ആറുദിവസം കോളജുകള്‍ പ്രവര്‍ത്തിക്കണം. ഇതനുസരിച്ച് ശനിയാഴ്ചയും പഠനം ഉണ്ടാകണമെന്ന് യുജിസി നിര്‍ദേശിക്കുന്നു.

അവധി മാര്‍ച്ച് ഒന്നു മുതല്‍ ഏഴു വരെയാണ്. പരീക്ഷകള്‍ മാര്‍ച്ച് എട്ടു മുതല്‍ 26 വരെ നടത്താനും അക്കാദമിക് കലണ്ടറില്‍ നിര്‍ദേശിക്കുന്നു. സെമസ്റ്റര്‍ ബ്രേക്ക് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാലു വരെയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി അവധിക്കാലം കുറയ്ക്കാനും സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading