Connect with us

NATIONAL

ഗാന്ധി പ്രതിമക്ക് മുന്നിലെ സമരക്കാരായ എം.പിമാര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി രാജ്യസഭാ ഉപാധ്യക്ഷന്‍

Published

on

ഡല്‍ഹി : സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുന്ന എംപിമാരെ കാണാന്‍ അപ്രതീക്ഷിത അതിഥി. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങാണ് സമരം നടത്തുന്ന പ്രതിപക്ഷ എംപിമാരെ കാണാനെത്തിയത്. ചായയും പ്രഭാത ഭക്ഷണവുമായാണ് ഹരിവംശ് എംപിമാര്‍ക്ക് സമീപമെത്തിയത്.

കാര്‍ഷിക ബില്‍ അവതരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ചെയറിലുണ്ടായിരുന്ന രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങിനെ ഉപരോധിച്ചതാണ് സസ്പെന്‍ഷന് കാരണമായത്. ഹരിവംശിനെ കായികമായി കയ്യേറ്റം ചെയ്യാന്‍ പോലും എംപിമാര്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ ചെയര്‍മാന്‍ നടപടിയെടുത്തത്.

സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്. രാത്രിയിലും സമരം തുടര്‍ന്നു. നിരവധി പ്രതിപക്ഷ എംപിമാര്‍ സമരപ്പന്തലിലെത്തി സമരക്കാര്‍ക്ക് അഭിവാദ്യം നേര്‍ന്നു.

ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന നിലയിലല്ല, സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് രാവിലെ സമരപ്പന്തലിലെത്തിയതെന്നും, തങ്ങള്‍ക്ക് ചായ നല്‍കിയതായും സസ്പെന്‍ഷനിലായ കോണ്‍ഗ്രസ് എംപി റിപുന്‍ ബോറ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ബോറ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ രാജ്യസഭാ ഉപാധ്യക്ഷനെതിരായ പ്രതിപക്ഷ എംപിമാരുടെ നടപടിയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഏറെ ബഹുമാന്യനായ വ്യക്തിയാണ് ഹരിവംശ് നായാണ്‍ സിങെന്ന് മോദി പറഞ്ഞു. സമരം ഇരിക്കുന്ന എംപിമാര്‍ക്ക് ചായയുമായെത്തിയ ഹരിവംശിന്റെ പ്രവൃത്തിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സഭയില്‍ വെച്ച് തന്നെ അപമാനിക്കാന്‍ തുനിഞ്ഞ എംപിമാര്‍ക്കാണ് ഹരിവംശ് ചായയുമായി എത്തിയത്. ഇത് അദ്ദേഹത്തിന്റെ എളിമയെയും നല്ല മനസ്സിനെയുമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിഹാര്‍ നമ്മെ പഠിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രയാന്‍, ഡോല സെന്‍, കോണ്‍ഗ്രസിലെ രാജീവ് സതവ്, റിപുന്‍ ബോറ, സയീദ് നസീര്‍ ഹുസൈന്‍, എഎപിയുടെ സഞ്ജയ് സിങ് എന്നിവരാണ് കര്‍ഷകര്‍ക്കു വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമായി രാത്രിയിലും പ്രതിഷേധം തുടര്‍ന്നത്.

Continue Reading