KERALA
പിണറായി സര്‍ക്കാറിന് കോടതിയുടെ ഇരുട്ടടി. നിയമ സഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തളളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തളളിയത്. പൊതുമുതല്‍ നശിപ്പിച്ച കേസായതിനാല്‍ എഴുതിത്തളളാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ പ്രതികളായ കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. വി ശിവന്‍കുട്ടി, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് മറ്റുപ്രതികള്‍.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഈ അപേക്ഷ നിലനില്‍ക്കുന്നതിനാല്‍ മറ്റു നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചിരുന്നു.
കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ 2015ലാണ് അക്രമം നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ എല്‍ ഡി എഫ് എം എല്‍ എമാര്‍ ശ്രമിച്ചത്. ഇതാണ് നിയമസഭ അതിന് മുമ്പ് കാണാത്ത തരത്തിലുളള സംഭവ വികാസങ്ങളിലേക്ക് വഴി വച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉള്‍പ്പടെയുളളവ തകര്‍ന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നായിരുന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത.്