Connect with us

KERALA

ചരക്ക് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു പരിക്കേറ്റ നവവരന്‍ മരിച്ചു

Published

on

കൊച്ചി-: ദേശീയപാതയില്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി പരിക്കേറ്റ നവവരനായ യുവാവ് മരിച്ചു. പാലക്കാട് കൊപ്പം പുലാശ്ശേരി പറമ്പിയത്ത് (അനുഗ്രഹ) വീട്ടില്‍ ശങ്കരനുണ്ണിയുടെ മകനും സിവില്‍ എഞ്ചിനീയറുമായ പ്രവീണാണ് (27)മരിച്ചത്. ദേശീയപാതയില്‍ അങ്കമാലി കരയാംപറമ്പില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്

അങ്കമാലിയിലെ തുറവൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഡിസൈനറാണ് പ്രവീണ്‍. പുലര്‍ച്ചെ വീട്ടില്‍നിന്ന് ജോലി സ്ഥലത്തേക്ക് ബൈക്കില്‍ വരുമ്പോഴായിരുന്നു ദുരന്തം. അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. ലോറിക്ക് പിന്നില്‍ തലയിടിച്ച പ്രവീണ്‍ തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. ബൈക്ക് ലോറിയില്‍ കുടുങ്ങി നില്‍ക്കുകയും ചെയ്തു.

പരിക്കേറ്റ് റോഡില്‍ വീണ് അവശനിലയിലായ പ്രവീണിനെ നാട്ടുകാരുടെ സഹായത്തോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു പ്രവീണിന്റെ വിവാഹം. ഭാര്യ: ഹരീഷ്മ. മാതാവ്: പ്രേമ ലീല. സഹോദരി: രശ്മി (അധ്യാപിക). അപകടത്തിനിടയാക്കിയ ലോറി അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു

Continue Reading