Crime
ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജിനെ(27) ഇരട്ട ജീവപര്യന്തം കഠിന തടവിനു കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് ശിക്ഷിച്ചു
മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂർവമായ കേസിൽ ഭർത്താവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജിന്റെ(27)പേരിൽ ആസൂത്രിതകൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328-ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201-ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇന്ന് ശിക്ഷ വിധിച്ചത്.
അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 മേയ് ആറിനു രാത്രി സ്വന്തംവീട്ടിൽവെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.
രണ്ടുതവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ട സൂരജ്, മൂന്നാം തവണ മൂർഖനെ ഉപയോഗിച്ചാണ് കൊല നടത്തിയത്.അതിനാലാണ് അപൂർവങ്ങളിൽ അപൂർവവും അതിക്രൂരവുമായ കേസിൽ സൂരജിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.