Crime
മുംബൈ ലഹരിക്കേസിലെ വിവാദ സാക്ഷി കിരൺ ഗോസാവി അറസ്റ്റിൽ

പുണെ: മുംബൈ ലഹരിക്കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരൺ ഗോസാവി അറസ്റ്റിൽ.ഇന്ന് പുലർച്ചെ പുണെ പോലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ആഡംബര കപ്പലിൽ ലഹരി പാർട്ടി നടന്ന ദിവസം എൻ.സി.ബി റെയ്ഡ് നടക്കുമ്പോൾ ഗോസാവിയും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. കിരൺ ഗോസാവി സമീർ വാംഖഡെയുടെ സഹായിയാണെന്നും എൻ.സി.ബി കേസുകളിൽ ഇടനിലക്കാരനായി നിന്ന് കോടികൾ തട്ടുന്നുവെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു.
ആഡംബര കപ്പലിലെ ലഹരി പാർട്ടി റെയ്ഡിൽ ഗോസാവി എൻ.സി.ബി സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും ഷാരൂഖ് ഖാനിൽ നിന്ന് കോടികൾ ആവശ്യപ്പെട്ടുവെന്നും കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. എന്നാൽ പുണെ പോലീസിന്റെ കസ്റ്റഡിയിലുള്ള കിരണ് ഗോസാവി ഈ ആരോപണങ്ങൾ നിഷേധിച്ചു. താൻ ഒരു കേസിലും ഇടനിലക്കാരനായി നിന്നിട്ടില്ലെന്നും ആഡംബര കപ്പലിൽ റെയ്ഡ് നടക്കുമ്പോൾ അവിടേക്ക് പോയത് സ്വകാര്യ ഡിറ്റക്ടീവ് എന്ന നിലയിലാണെന്നും ഗോസാവി വെളിപ്പെടുത്തിയിരുന്നു.