Crime
പന്തീരാങ്കാവ് യു എ പി എ കേസിൽ താഹ ഫസലിന് ജാമ്യം
ന്യൂഡൽഹി: പന്തീരാങ്കാവ് യു എ പി എ കേസിൽ എൻ ഐ എ ക്ക് തിരിച്ചടി. പന്തീരാങ്കാവ് യു എ പി എ കേസിൽ താഹ ഫസലിന് ജാമ്യം ലഭിച്ചു. നേരത്തെ പുറത്തിറങ്ങിയ അലന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ കേസിൽ വിധി പറഞ്ഞത്.
2019 നവംബറിലാണ് ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനു ശേഷം എൻ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇവർക്കെതിരെ കാര്യമായ തെളിവുകളില്ലെന്ന് കാണിച്ച് എൻ ഐ എ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കേരള ഹൈക്കോടതിയെ എൻ ഐ എ സമീപിക്കുകയും ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയും അലൻ ഷുഹൈബിന്റെ ജാമ്യം ശരിവയ്ക്കുകയുമായിരുന്നു. ജാമ്യം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് താഹയും അലന്റെ ജാമ്യം ശരിവച്ച നടപടിയെ ചോദ്യം ചെയ്ത് എൻ ഐ എ യും സുപ്രീം കോടതിയിൽ എത്തുകയായിരുന്നു. ഈ രണ്ട് ഹർജികളും പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്
