KERALA
ജി. സുധാകരന് പരസ്യ ശാസന . തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ മുൻ മന്ത്രി ജി സുധാകരൻ വീഴ്ച വരുത്തിയതിന് പരസ്യ ശാസന. സിപിഎം അന്വേഷണ റിപ്പോർട്ട് ശരിവെച്ചാണ് നടപടി. അമ്പലപ്പുഴയിലെ പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയതായി സംസ്ഥാന സമിതിയിൽ സിപിഎം അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പാക്കുന്നതിൽ പ്രചാരണ ചുമതലയുണ്ടായിരുന്ന സുധാകരൻ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ന് ഉച്ചതിരിഞ്ഞ് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സുധാകരനെതിരെ നടപടി സ്വീകരിച്ചത്. ജൂലായിൽ നടന്ന സിപിഎം തെരഞ്ഞടുപ്പ് അവലോകന റിപ്പോർട്ടിൽ ജി സുധാകരനെ മാത്രമാണ് പേരെടുത്ത് പരാമർശിക്കുന്നത്. പ്രചാരണത്തിൽ സുധാകരന് വീഴ്ചകളുണ്ടായെന്നും ഇടത് സ്ഥാനാർത്ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നു. ഇത് രണ്ടാം തവണയാണ് സുധാകരനെതിരെ പാർട്ടി നടപടിയെടുക്കുന്നത്.