Crime
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവെപ്പ്, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവച്ചതായി റിപ്പോര്‍ട്ട്. ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചു എന്നാണ് ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മത്സ്യത്തൊഴിലാളികളുടെ ബോട്ട് പാകിസ്ഥാന്‍ നാവികസേന പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ദ്വാരകയ്ക്ക് അടുത്ത് ഓഖയില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയാണ് പാകിസ്ഥാന്‍റെ ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ജല്‍പാരി എന്ന ബോട്ടില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിക്കുകയും മറ്റുള്ളവരെ പാകിസ്ഥാന്‍ സേന തടവില്‍ വെയ്ക്കുകയും ചെയ്തതായാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രകോപനത്തിന് കാരണം വ്യക്തമല്ല.