Connect with us

KERALA

പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് ജി. സുധാകരന്‍.

Published

on

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ സി.പി.എം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്ഥാന കമ്മറ്റി അംഗം ജി. സുധാകരന്‍. സംസ്ഥാന കമ്മറ്റി യോഗം കഴിഞ്ഞ് കരുത്തനായി തന്നെയാണ് തിരിച്ചെത്തിയത്. ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നതെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്നും ജി. സുധാകരന്‍.
സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അങ്ങോട്ട് ചെന്ന് കാണുകയായിരുന്നു. ആലപ്പുഴയിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യമാണ് സംസാരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ മനസ്സിലുള്ളത് തുറന്നുപറയാറുണ്ട്. അറിവില്ലാത്തവരും തെറ്റായി ചിന്തിക്കുന്നവരും അഴിമതിക്കാരും എല്ലാമുള്ള സമൂഹമാണിത്. അതിന്റെ തുടര്‍ച്ചകള്‍ പലസ്ഥലത്തും കാണും. അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ല.
പാര്‍ട്ടിയിലെ തന്റെ സ്വാധീനം കൂടുന്നോ കുറയുന്നോ ഇല്ല. മറിച്ചുള്ള വാര്‍ത്തകളൊക്കെ തെറ്റാണ്. ഒറ്റപ്പെടുന്നു എന്നതൊക്കെ ബൂര്‍ഷ്വാ പ്രയോഗമാണ്. പാര്‍ട്ടിയെടുത്ത എല്ലാ തീരുമാനങ്ങളോടും നൂറ് ശതമാനം യോജിപ്പാണ് തോന്നിയിട്ടുള്ളത്. പാര്‍ട്ടിക്ക് അതീതരായി ആരുമില്ല എന്നത് പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. തനിക്കുള്ള നടപടി മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ് എന്നൊന്നും പറയുന്നതില്‍ അര്‍ഥമില്ല.
ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നത്. ഒരു സ്ഥാനമാനത്തിനുവേണ്ടിയും നാളിതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് അംഗത്വം പോലും വേണ്ടെന്ന് പറഞ്ഞയാളാണ് താന്‍. പാര്‍ട്ടി നടപടികള്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു

Continue Reading