Crime
മോൻസൺ മാവുങ്കലിന് സഹായം നൽകിയ ഐ.ജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന് സഹായം നൽകിയ ട്രാഫിക് ഐ ജി ഗുഗുലോത്ത് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഐജിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
പുരാവസ്തു തട്ടിപ്പ് കേസിൽ ലക്ഷ്മണ ഇടനിലക്കാരനായെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും, ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്മണയാണ് മോൻസണ് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഐ ജിയും മോൻസണും ഇടനിലക്കാരിയും കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പൊലീസ് ക്ലബിൽ കൂടിക്കാഴ്ച നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.