Connect with us

KERALA

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

Published

on

പത്തനംതിട്ട: കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. കോട്ടയം എരുമേലി കണമലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഈ വീടുകളില്‍ ഉണ്ടായിരുന്ന ഏഴു പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജോബിന്റെ അമ്മ അന്നമ്മയ്ക്ക് (60) പരുക്കറ്റു.
ജോസിന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകര്‍ന്നു. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന കണമല എഴുത്വാപുഴ സമാന്തര പാത മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ രാത്രി 11 മണിയോടെ തുടങ്ങിയ മഴ രാവിലെ പുലര്‍ച്ചെ 5 മണിക്കാണ് അവസാനിച്ചത്. ഒമ്പതു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കണമല, എഴുത്വാപുഴ, ഇടകടത്തി എന്നിവടങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. കോട്ടയത്ത് രണ്ടു റോഡുകള്‍ തകര്‍ന്നെങ്കിലും ശബരിമല യാത്രയെ ബാധിക്കില്ല. പേടിപ്പിക്കുന്ന അവസ്ഥയില്ലെന്നും തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍ പറഞ്ഞു
പത്തനംതിട്ട കൊക്കാത്തോട് ഭാഗത്ത് ഉരുള്‍പൊട്ടിയതായും ഒരേക്കര്‍ ഭാഗത്ത് ഒരു വീട് നശിച്ചതായും വിവരമുണ്ട്. നാല് വീടുകളില്‍ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. കൃഷിനാശവും സംഭവിച്ചു. കോന്നിയില്‍ കൊക്കാത്തോട് ഭാഗത്ത് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന്, രാത്രിയില്‍ 5 വിടുകളില്‍ വെള്ളം കയറി. ആള്‍ക്കാരെ അയല്‍ വീടുകളിലേക്ക് മാറ്റി. ഐരവണ്‍ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രയില്‍ ചിറ്റാര്‍ സിതത്തോട് മേഖലയിലും കനത്ത മഴ പെയ്തു.
കൊല്ലത്ത് കനത്ത മഴയില്‍ വെള്ളപ്പൊക്കം. ആര്യങ്കാവ്, ഇടപ്പാളയം മേഖലയില്‍ വീടുകളിലും കടകളിലും വെള്ളം കയറി. കുളത്തൂപ്പുഴ, അമ്പതേക്കറില്‍ മലവെള്ളപ്പാച്ചിലുണ്ടായി. വില്ലുമല കോളനിയിലെ പാലം മുങ്ങി.

Continue Reading