KERALA
ഡിസംബർ പത്തു മുതൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം മാറ്റുമെന്ന് അനുപമ

തിരുവനന്തപുരം : കുഞ്ഞിനെ തിരികെ ലഭിച്ചിട്ടും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നത് വരെ സമരം തുടരുമെന്ന് അനുപമ. ഡിസംബർ പത്തു മുതൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം മാറ്റുമെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അനുപമ പറഞ്ഞു. കുഞ്ഞ് കൂടിയുള്ളതിനാൽ പ്രത്യക്ഷ സമരം ഇനി തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവർ പറഞ്ഞു. മനുഷ്യാവകാശ ദിനമായ ഡിസംബർ പത്താം തീയതിയാണ് പുതിയ സമരത്തിനായി അനുപമ തിരഞ്ഞെടുത്തത്. കുട്ടിക്കടത്ത് എന്നു പറയുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും, അന്ന് പുതിയ സമരം തീരുമാനിച്ചിട്ടുണ്ടെന്നും, ബാക്കി സമരങ്ങളെക്കുറിച്ച് അന്നേ ദിവസം പ്രഖ്യാപിക്കുമെന്നും അനുപമ പറഞ്ഞു.തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലും മറ്റും ആക്രമണങ്ങൾ നടത്തുന്നതിൽ കൂടുതലും സൈബർ സഖാക്കളാണ്. എന്നാൽ ഒരു ഭാഗത്തുനിന്ന് പിന്തുണയുണ്ട്, മറുഭാഗത്ത് ആക്രമണവും. തന്റെ കുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനുപമ കൂട്ടിച്ചേർത്തു. കേസിൽ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഇപ്പോഴും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പ്രശ്നം കാര്യമായി എടുക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അനുപമ അഭിപ്രായപ്പെട്ടു.