Crime
വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ചു. ബന്ധുവിനു പരുക്ക്

വയനാട് : കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ യുവാവ് വെടിയേറ്റു മരിച്ചു. ബന്ധുവിനു പരുക്ക്. കോട്ടത്തറ മേച്ചന ചുണ്ടറംകോട് കോളനിയിലെ അച്ചപ്പന്റെ മകന്‍ ജയന്‍ (36) ആണു മരിച്ചത്. ബന്ധു ശരത്തിനു (27) വെടികൊണ്ടു മുഖത്തു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണു സംഭവം. എങ്ങനെയാണു വെടിയേറ്റതെന്നതില്‍ ഇതുവരെ വ്യക്തതയില്ല.
കൃഷിയിടത്തില്‍ കാവലിനു പോയപ്പോള്‍ എവിടെനിന്നോ വെടിയേറ്റതാണെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍, കാട്ടുപന്നിവേട്ടയ്ക്കിടെ കലുങ്കില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നും പറയപ്പെടുന്നുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷമേ വെടിയേറ്റത് എങ്ങനെയെന്നതു സ്ഥിരീകരിക്കാനാകൂവെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ജയന്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലാണു മരിച്ചത്. ശരത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.