Connect with us

Crime

കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായി

Published

on


കൊച്ചി: ദേശീയപാതയില്‍ പത്തടിപ്പാലത്തില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് സംശയം വര്‍ധിപ്പിക്കുന്നത്.

അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍സിയ എന്ന സുഹാന (22) ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന് (26) നേരിയ പരുക്കേറ്റു. അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഡ്രൈവറെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്‍മാന്റെ ഭാഷ്യമെന്നും പോലീസ് പറയുന്നു. കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

പുലര്‍ച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോള്‍, മെട്രോ പില്ലറുകളായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാര്‍ തകര്‍ന്നത്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. യുവതി ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറില്‍ കയറിയതെന്നാണു വിവരം. പിറന്നാള്‍ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ചാണ് മൂന്നാമത് ഒരാള്‍ കൂടി വാഹനത്തില്‍ കയറിയത്.

അതേസമയം 11 മണി മുതല്‍ 1.50 വരെ ഇവര്‍ എവിടെയായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. മൂന്നാമനെ കണ്ടെത്താനായാല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരൂ. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.

Continue Reading