Crime
ഭാര്യയുടെ മുറിയിലെ നിരീക്ഷണ ക്യാമറ വിഛേദിച്ച് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു

എറണാകുളം : വിവാഹമോചനത്തിന് കേസ് നൽകിയ ശേഷം ഒരുവീട്ടിൽ തന്നെ വെവ്വേറെ മുറികളിൽ താമസിച്ച് വരികയായിരുന്ന ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചാണ് കൊലപാതകശ്രമം നടത്തിയത്. കേസിൽ ഭർത്താവിനെ പോലീസ് റിമാൻഡ് ചെയ്തു. ചിറ്റാറ്റുകര പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാൻഡിലായത്.
ഭാര്യയുടെ മുറിയിലെ നിരീക്ഷണ ക്യാമറ കണക്ഷൻ വിഛേദിച്ചായിരുന്നു ഇയാൾ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. വിവാഹ മോചനത്തിന് കേസ് നൽകിയ ശേഷം ഒരു വീട്ടിൽത്തന്നെ വെവ്വേറെ മുറികളിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് കഴിയുകയായിരുന്നു ഇരുവരും.
കഴിഞ്ഞ 11-ാം തീയതിയായിരുന്നു സംഭവം. ഭാര്യ സുമയുടെ മുറിയിലേക്കുള്ള നിരീക്ഷണ ക്യാമറയുടെ കണക്ഷൻ ഇയാൾ വിച്ഛേദിച്ചിരുന്നു.
ഇതു സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് രാജേഷ് അവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുമയെ ഇയാൾതന്നെ ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം ഒളിവിൽ പോയി.
പിന്നീട് എറണാകുളത്ത് തിരിച്ചെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്ടാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. വടക്കേക്കര സിഐ എംകെ മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.