Crime
വയനാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപ്രതികളെ പിടികൂടി

വയനാട് : കമ്പളക്കാട് വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍രണ്ട് പ്രതികളെ പിടികൂടി. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കസ്റ്റഡിലായത്. കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തുവെന്നാണ് പ്രതികള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയന്‍ വെടിയേറ്റ് മരിച്ചത്.
കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തില്‍ 15 അംഗ അന്വേഷണ സംഘം ആണ് കേസ് അന്വേഷിച്ചത് . ജയന്‍ വെടിയേറ്റ് മരിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റ ബന്ധു ഷരുണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. മരിച്ച ജയന്റെ മൃതദേഹത്തില്‍ നിന്നും വെടിയേറ്റ് പരിക്കേറ്റ ഷരുണിന്റെ ശരീരത്തില്‍ നിന്നും ഓരോ വെടിയുണ്ടകള്‍ വീതം കണ്ടെടുത്തിരുന്നു.
കമ്പളക്കാട് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വണ്ടിയാമ്പറ്റയിലെ നെല്‍പാടത്ത് രാത്രി പതിനൊന്ന് മണിയോടെയാണ് കോട്ടത്തറ മെച്ചനയിലെ നാലംഗ സംഘം ഇവരുടെ ഉടമസ്ഥതയിലുള്ള നെല്‍പാടത്ത് എത്തിയത്. വെടിയേറ്റ് വീണ ജയനെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ജയനടക്കമുള്ള നാലംഗ സംഘം സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെയും വെടിവയ്പ്പ് നടന്ന നെല്‍പാടത്തിന് സമീപത്തെ നാട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു