KERALA
റോഡുകൾ ഏത് വകുപ്പിന്റേതെന്ന് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ലെന്നും എല്ലാ റോഡുകളും നന്നാക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: റോഡുകൾ ഏത് വകുപ്പിന്റേതെന്ന് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ലെന്നും എല്ലാ റോഡുകളും നന്നാക്കണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡിൽ ഏകദേശം ഒരുലക്ഷം കിലോമീറ്ററിൽ അധികം റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ലെന്നും എന്നാൽ ഇക്കാര്യത്തിൽ ഞങ്ങളെ ഏൽപ്പിച്ച പ്രവർത്തനം നന്നായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുണ്ട്, തദ്ദേശസസ്വയംഭരണ വകുപ്പിന്റെ റോഡുണ്ട്, മറ്റ് വകുപ്പുകൾക്കും റോഡുകളുണ്ട്. കേരളത്തിൽ ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡുണ്ട്. അതിൽ 32,000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്. ഏകദേശം ഒരുലക്ഷം കിലോമീറ്ററിൽ അധികം പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളല്ല. പക്ഷേ ജനങ്ങളെ സംബന്ധിച്ച് ഇന്ന റോഡ് എന്നില്ല. എല്ലാ റോഡും നന്നാകണം. കോഴിക്കോട് കോർപ്പറേഷൻ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വടകര റസ്റ്റ് ഹൗസിനെ കുറിച്ച് മറ്റ് ചില പ്രശ്നങ്ങളും പരാതികളും ലഭിച്ചിരുന്നുവെന്ന് റസ്റ്റ് ഹൗസിലെ താൽകാലിക ജീവനക്കാർക്ക് എതിരായ നടപടി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് വന്നിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തിൽ നടപടികൾ പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ നവീകരിക്കാനും ഓൺലൈൻ ബുക്കിങ് ഉറപ്പ് വരുത്താനും ശുചിത്വം ഉറപ്പുവരുത്താനും കഴിഞ്ഞ നാല് മാസമായി തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണ്. ഓൺലൈൻ ബുക്കിങ്ങിൽ ഒരു മാസം കൊണ്ട് 27.5 ലക്ഷം രൂപ സർക്കാരിന് കിട്ടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.