Crime
നാഗാലാന്‍ഡില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ 13 ഗ്രാമീണര്‍ മരിച്ചു

മണിപ്പൂർ:നാഗാലാന്‍ഡില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ 13 ഗ്രാമീണര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണ് സംഭവം. സുരക്ഷാ സേന ആളുമാറി വെടിവച്ചതാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും രണ്ട് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവര്‍ കൊന്യാക് ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരാണ്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നെഫ്യു റിയോ എന്നിവര്‍ പ്രതികരിച്ചു.
ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ പാരാ കമാന്‍ഡോകള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കല്‍ക്കരി ഖനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് മരിച്ചത്. ഇന്നലെ ഇവര്‍ ജോലി കഴിഞ്ഞ് പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിയേറ്റത്.
ശനിയാഴ്ച വൈകീട്ട് ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ഞായറാഴ്ച രാവിലെ ഏഴ് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതായും കൊന്യാക് ഗോത്ര നേതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗോത്ര നേതാക്കള്‍ പ്രതികരിച്ചു.