KERALA
മന്ത്രി ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം :കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സി നിയമനത്തിൽ മന്ത്രി അനധികൃത ഇടപെടൽ നടത്തിയെന്നതിന് തെളിവാണ് കത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വി ഡി സതീശൻ പറഞ്ഞു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കൾ. രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയിൽ പരാതി നൽകും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രി സ്വജനപക്ഷ പാതം കാണിച്ചുവെന്നാണ് പരാതി.
കണ്ണൂർ സർവകലാശാല വി സിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് കെ എസ് യുവും രംഗത്തെത്തിയിരുന്നു . സേർച്ച് കമ്മിറ്റി ഒറ്റപ്പേര് മാത്രം നിർദേശിച്ചത് യു ജി സി ചട്ടങ്ങളുടെ ലംഘനമാണെന്ന് കെ എസ് യു പറഞ്ഞു. സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാമാസ് ആവശ്യപ്പെട്ടു