KERALA
ആരോപണങ്ങൾ ഭയന്ന് വികസന പദ്ധതികൾ ഉപേക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീടില്ലാത്തവര്‍ക്ക് വാസസ്ഥലം ഒരുക്കി നല്‍കാനും മികച്ച ജീവിത സാഹചര്യം ഒരുക്കാനുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ നേട്ടങ്ങളുണ്ടാകുന്നത് ഇഷ്ടപ്പെടാത്തവര്‍ ഇതിനെ അപഹസിക്കാനും ഇടിച്ചുതാഴ്ത്താനും ശ്രമിക്കുകയാണ്. വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
1285 കുടുംബങ്ങള്‍ക്ക് പുതിയ ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകും. വെറും വീടല്ല, താമസക്കാര്‍ക്ക് പുതു ജീവിതമാണ് പ്രദാനം ചെയ്യുന്നത്. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത നിരവധി ഹതഭാഗ്യരുണ്ട്. വീടില്ലാത്ത ആരുമുണ്ടാകരുത് എന്ന് കരുതിയാണ് ലൈഫ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഇക്കാര്യത്തില്‍ നല്ല ഫലമുണ്ടായതിനാലാണ് 2,26,518 വീടുകള്‍ ഇതിനകം യാഥാര്‍ഥ്യമായത്. നല്ല സഹകരണം ജനങ്ങളില്‍നിന്നുണ്ടായി. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചു. ഇപ്പോള്‍ ഒന്നരലക്ഷത്തോളം പേര്‍ക്കുള്ള ഭവനനിര്‍മാണം പുരോഗമിക്കുകയാണ്. സഹകരണ വകുപ്പും ഭവനനിര്‍മാണത്തോട് സഹകരിച്ചതിന്റെ ഭാഗമായാണ് കെയര്‍ ഹോം പദ്ധതി നടപ്പാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പും ഫിഷറീസ് വകുപ്പും വീടുകള്‍ പൂര്‍ത്തിയാക്കാന്‍ നല്ലതായി ഇടപെട്ടു. അങ്ങനെയാണ് ആകെ 8068 കോടിയുടെ വീട് നിര്‍മാണം നമ്മുടെ നാട്ടില്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്.
സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതരുടെ പുനരധിവാസം ലക്ഷ്യമിടുന്ന ലൈഫിന്റെ മൂന്നാംഘട്ടത്തില്‍ 1,35,769 ഗുണഭോക്താക്കളെയാണ് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. അവരില്‍ 1765 കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇടുക്കി അടിമാലിയില്‍ 217 അപ്പാര്‍ട്ട്മെന്റുകളുള്ള ഭവനസമുച്ചയം പൈലറ്റടിസ്ഥാനത്തില്‍ നിര്‍മിച്ച് അടിമാലി പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. അവിടെ 163 ഗുണഭോക്താക്കളാണ് താമസിക്കുന്നത്. മാത്രമല്ല, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി, താമസക്കാര്‍ക്ക് ജീവനോപാധി സൗകര്യങ്ങള്‍ ഒക്കെ ആ സമുച്ചയത്തോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള മാതൃകയില്‍ വിവിധ ജില്ലകളില്‍ 101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ 12 ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫിന്റെ അപേക്ഷ സുതാര്യമായാണ് ക്ഷണിച്ചതും നടപടിക്കുറിപ്പുകളും പൂര്‍ത്തിയാക്കിയതും. എന്നാല്‍ ലൈഫിന്റെ മൂന്നുഘട്ടങ്ങളിലും ഉള്‍പ്പെടാതെ പോയവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ വീണ്ടും ഒരു അവസരം നല്‍കുന്നതിന് തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് വീണ്ടും അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ഇതുവഴി എട്ടുലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ സുതാര്യമായി ഗുണഭോക്തൃപട്ടിക തയാറാക്കി അര്‍ഹര്‍ക്ക് വീടുവെച്ചുനല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് ലക്ഷ്യമിട്ട എല്ലാ വികസന പദ്ധതികളും കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും തടസം കൂടാതെ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കിടയിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഖരമാലിന്യ മാനേജ്മെന്റ് പദ്ധതിയും കൃത്യമായി നടപ്പാക്കും. വികസനത്തിലും സേവനത്തിലും ഒട്ടും പിറകില്‍നില്‍ക്കാതെ മുന്നേറുകയാണ് ലക്ഷ്യം. എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍ മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് സംബന്ധിച്ചു. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ നിര്‍മാണ ഉദ്ഘാടന ചടങ്ങുകളില്‍ സംബന്ധിച്ചു.