KERALA
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ്

കോട്ടയം: മന്നം ജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ്. മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന് എൻഎസ്എസിനോട് വിവേചനമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.
നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സർക്കാർ മുടന്തൻ ന്യായം പറയുകയാണെന്നാണ് എൻഎസ്എസിന്‍റെ വിമര്‍ശനം.എൻഎസ്എസ് മതേതര സംഘടനയാണ്. എല്ലാ സർക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമർശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട്. എൻഎസ്എസിനെ അവഗണിക്കുന്നവർ ചിലയിടങ്ങളിൽ നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നു. ഇത് ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
മന്നം ജയന്തിയിലെ സമ്പൂർണ്ണ അവധിയാക്കണമെന്ന എൻഎസ്എസിന്‍റെ ആവശ്യം ന്യായമാണെന്ന് വി മുരളീധരനും പറഞ്ഞു. 15 പൊതു അവധികളാണ് നിലവിലുള്ളത്. അതിൽ കൂടുതൽ അവധികൾ നൽകുന്നതിന് പരിമിതിയുണ്ടെന്നും പ്രത്യേക അനുമതി ആവശ്യമുണ്ടെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. എന്നാൽ സർക്കാരിന്‍റെ ശുപാർശ വന്നാൽ കാര്യങ്ങൾ എളുപ്പമാകും എന്നാണ് എൻഎസ്എസ് പറയുന്നത്.