Gulf
സൗദി എയര്‍ലൈന്‍സ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തോട് ഗുഡ് ബൈ പറയുന്നു

കോഴിക്കോട്: സൗദി എയര്‍ലൈന്‍സ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടുന്നു. പിന്‍മാറ്റം താത്കാലികമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കരിപ്പൂരിലെ പ്രമുഖ വിമാനക്കമ്പനിയുടെ തീരുമാനം ആയിരങ്ങളെയാണ് ആശങ്കയിലാക്കുന്നത്.വിമാനത്താവളത്തിലെ ഓഫീസുകളും അനുബന്ധസ്ഥലങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റിക്കു കൈമാറാനുള്ള നടപടികള്‍ സൗദി എയര്‍ലെന്‍സ് പൂര്‍ത്തിയാക്കി. 2020-ലെ വിമാന അപകടത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെയാണ് കരിപ്പൂരില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സുകള്‍ മുടങ്ങിയത്. ‘കോഡ് ഇ’ ഇനത്തില്‍പ്പെട്ട മുന്നൂറിലധികംപേര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങളാണ് സൗദി എയറിനുള്ളത്. 2020 ഓഗസ്റ്റുമുതല്‍ ഇത്തരം വിമാനങ്ങള്‍ക്ക് കോഴിക്കോട്ട് സര്‍വീസ് അനുമതിയില്ല. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ സൗദി എയര്‍ സന്നദ്ധമായെങ്കിലും ഡി.ജി.സി.എ. അനുമതി നിഷേധിച്ചു.
സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വന്‍തുക വാടകനല്‍കി ഒരുവര്‍ഷമായി ഓഫീസും അനുബന്ധസംവിധാനങ്ങളും സൗദി എയര്‍ലൈന്‍സ് നിലനിര്‍ത്തി. എന്നാല്‍, അനിശ്ചിതത്വം തുടര്‍ക്കഥയായതോടെയാണ് സൗദി എയര്‍ലൈന്‍സും പിന്‍മാറുന്നത്. ഏറ്റവുമധികം മലയാളികള്‍ ജോലിയെടുക്കുന്ന ജിദ്ദയിലേക്കുള്ള സര്‍വീസുകളെയാകും ഇത് ഏറെ ബാധിക്കുക. സാങ്കേതികപ്രശ്‌നങ്ങളാല്‍ ചെറിയ വിമാനങ്ങള്‍ക്ക് കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് നേരിട്ടു പറക്കാനാവില്ല. നിലവില്‍ രണ്ടുലക്ഷം രൂപയ്ക്കുമേല്‍ മുടക്കിയാണ് മലയാളി പ്രവാസികള്‍ ജിദ്ദയിലേക്കു മടങ്ങുന്നത്. നേരിട്ട് സര്‍വീസുണ്ടെങ്കില്‍ ഇത് ഒരു ലക്ഷമായി കുറയും. സൗദി എയര്‍ലൈന്‍സിന്റെ കോഡ് ഇ വിമാനങ്ങള്‍ക്കുപകരം നാസ് എയര്‍ലൈന്‍സിന്റെ ബജറ്റ് എയര്‍ കരിപ്പൂരിലേക്ക് ഏര്‍പ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ കരിപ്പൂരില്‍നിന്ന് സൗദിയിലേക്കുള്ള സര്‍വീസുകള്‍ റിയാദിലേക്കു മാത്രമാകും.
സൗദി എയറിന്റെ തീരുമാനം ഇന്ത്യയില്‍നിന്നുള്ള സ്വകാര്യ വിമാനക്കമ്പനികളുടെ ജിദ്ദ സര്‍വീസിനെ ബാധിക്കാനും സാധ്യതയേറി. എയര്‍ ബബ്ള്‍ കരാര്‍പ്രകാരം സൗദി ഔദ്യോഗിക വിമാനക്കമ്പനിക്ക് അനുവദിക്കുന്നത്രയും സീറ്റുകളാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും അനുവദിക്കുക. സൗദി എയര്‍ലൈന്‍സ് പിന്‍മാറുന്നതോടെ ആഴ്ചയില്‍ 4000-ത്തിലധികം സീറ്റുകളുടെ കുറവാണ് കരിപ്പൂരിലുണ്ടാകുക. നാസ് എയര്‍ പൂര്‍ണതോതില്‍ സര്‍വീസ് തുടങ്ങിയാല്‍ത്തന്നെ ആഴ്ചയില്‍ 2000 സീറ്റുകളേ ലഭ്യമാവൂ.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളില്‍ ഇത്രയുംസീറ്റുകള്‍ പുതുതായി കണ്ടെത്താനും സൗദി എയറിന് സാധിക്കാതെവരും. ഇതോടെ രാജ്യത്തുനിന്ന് സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സീറ്റ് വിഹിതത്തില്‍ 50 ശതമാനം വരെ കുറവു വരും. വിസ കാലാവധി തീരുംമുന്‍പേ സൗദിയിലേക്കു മടങ്ങാനിരിക്കുന്ന ആയിരങ്ങളെ ഇതു ബാധിക്കും. ടിക്കറ്റ് നിരക്ക് ഉയരുന്നതോടൊപ്പം സമയത്ത് മടങ്ങാനാവാത്ത അവസ്ഥയുമാണ് സൗദി പ്രവാസികളെ കാത്തിരിക്കുന്നത്.