NATIONAL
ചന്ദ്രശേഖര്‍ ആസാദ് യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പുരില്‍ മത്സരിക്കും

ന്യൂഡൽഹി:ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പുരില്‍ നിന്ന് ആസാദ് ജനവിധി തേടുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
നേരത്തെ, സമാജ്‌വാദി പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ ആസാദ് ശ്രമിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയമായതിന് പിന്നാലെ ആസാദ് സമാജ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.
എസ്പി നൂറു സീറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞാലും അവര്‍ക്കൊപ്പം ഇനി പോകില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ മറ്റു പാര്‍ട്ടികളെ സഹായിക്കും എന്നും ആസാദ് പറഞ്ഞിരുന്നു.
ബിജെപിയുടെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് ഗൊരഖ്പുര്‍. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞതവണ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴി തെരഞ്ഞെടുക്കപ്പെട്ടാണ് യോഗി മുഖ്യമന്ത്രിയായത്.