Crime
നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. വിചാരണ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വിചാരണയ്ക്ക് കൂടുതൽ സമയം നീട്ടി നൽകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.വിചാരണയ്ക്ക് കൂടുതൽ സമയം വേണമെങ്കിൽ വിചാരണ കോടതിയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാം അല്ലാതെ സർക്കാറിന് ഇതിന് അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ നീട്ടി നൽകരുതെന്ന് ദിലീപ് കോടതിയിൽ അറിയിച്ചിരുന്നു. ദിലീപിന് വേണ്ടി മുകുൾ റോഹ്ത്തകിയാണ് കോടതിയിൽ ഹാജരായത്.
ജസ്റ്റിസുമാരായ എംഎം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ ഫെബ്രുവരി 16നകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.