Connect with us

Crime

ഡിവൈഎഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

Published

on

തിരുവനന്തപുരം :ഡിവൈഎഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം . ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജെന്ന്  മുഖപത്രമായ ജനയുഗത്തില്‍ വിമര്‍ശനം . പത്തനംതിട്ട അങ്ങാടിക്കല്‍ അക്രമത്തിന്‍റെ വിഡിയോ പ്രചരിപ്പിച്ചത് ഗുണ്ടാസംഘങ്ങളുടെ ക്രിമിനല്‍ രീതിയ‌ാണെന്നും ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നുവെന്നും സി.പി.ഐ വിമര്‍ശിക്കുന്നു. അക്രമത്തെ നേതൃത്വം അപലപിക്കാത്തത് സമൂഹത്തിനുള്ള അപായസൂചനയെന്നും പത്രത്തിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട.  വൻ ഭൂരിപക്ഷത്തോടെ ജനങ്ങൾ വിജയിപ്പിച്ച് അധികാരത്തിലേറ്റിയ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താനെ ഇത്തരം അക്രമസംഭവങ്ങള്‍ സഹായകമാവൂ എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ജനാധിപത്യത്തിന്‍റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ മുന്നണിയെയും അത് നേതൃത്വം നൽകുന്ന സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കുമെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു.

Continue Reading