Connect with us

Crime

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി

Published

on

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തെ വിമർശിച്ച് സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങൾക്കിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നോട്ടീസ് ഉത്തർപ്രദേശിലെ വിവിധ ജില്ലാ ഭരണ സംവിധാനങ്ങൾ കൈമാറിയത്. എന്നാൽ, സർക്കാർ പരാതിക്കാരെനെയും വിധികർത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ ഒരേസമയം പ്രവർത്തിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് നിയമ വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വസ്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിക്കാൻ അവസാന അവസരം നൽകുകയാണ്. ഫെബ്രുവരി പതിനെട്ടിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ ഉത്തരവ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 833 പേര് പ്രതികളാണെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇവരുടെ വസ്തുക്കൾ കണ്ടുകെട്ടാൻ ഇതുവരെ 274 നോട്ടീസുകളാണ് സർക്കാർ ഇറക്കിയത്. ഇതിൽ 236 നോട്ടീസുകളിൽ ഉത്തരവിറക്കി കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.

Continue Reading