KERALA
സി.ബി ഐയെ കാട്ടി സി.പി.എമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: സിബിഐയെ കാട്ടി സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏതെല്ലാം അന്വേഷണ ഏജൻസികൾ വന്നാലും ബിജെപിക്കു മുന്നിൽ സിപിഎം കീഴടങ്ങാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയേക്കുറിച്ച് അന്വേഷിക്കാൻ സിബിഐ വന്നത് സദുദ്ദേശ്യപരമല്ല. സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് സിബിഐ എത്തിയത്. സിപിഎമ്മിനെയും അതുവഴി ഇടതുപക്ഷത്തെയും തകർക്കാനുള്ള ആസൂത്രിത ശ്രമമാണു നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയപ്രതിയോഗികളെ അമർച്ച ചെയ്യാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച അതേരീതി കേരളത്തിലും നടപ്പിലാക്കുവാൻ തുടങ്ങിയിരിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.ടൈറ്റാനിയം കേസ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ഒരു വർഷം മുന്‍പ് ആവശ്യപ്പെട്ടതാണ്. അതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇവിടെ കോണ്‍ഗ്രസിലെ ഒരു എംഎൽഎ പരാതി കൊടുത്തപ്പോൾ തന്നെ സിബിഐ അന്വേഷണത്തിനെത്തി. ഇതിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുള്ളത്.
എന്നാൽ സിബിഐയെ വിലക്കാൻ നിയമനിർമാണം നടത്തണമെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ല. ചില അവസരങ്ങളിൽ സിബിഐ അന്വേഷണം ആവശ്യമായി വരും.ഇടതുസർക്കാരിനെ താഴെയിറക്കാൻ യുഡിഎഫും ബിജെപിയും ചേർന്ന വിശാലസഖ്യമാണു കേരളത്തിൽ രൂപപ്പെട്ടു വരുന്നത്. പിണറായി സർക്കാരിന്റെ ഭരണനടപടികൾ മൂലം തുടർഭരണം ഉണ്ടാകുമെന്ന ചിന്ത പ്രബലമായപ്പോൾ മുസ്ലിം ലീഗിന് ബിജെപി ശത്രുവല്ലാതായി. യുഡിഎഫ് ഭരണത്തിൽ വന്നാൽ ലീഗിന് ആധിപത്യമുള്ള ഒരു സർക്കാർ ആണ് അവരുടെ ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേർത്തു.