KERALA
പി.ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടിയെടുത്തതെന്ന് കോടിയേരി

പി.ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടിയെടുത്തതെന്ന് കോടിയേരി
കൊച്ചി: സിപിഎം സംസ്ഥാന സമിതിയിൽ പി ശശിയെ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശം നൽകില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി സംസ്ഥാന സമിതിയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് പാർട്ടി സംസ്ഥാന സമ്മേളനമാണ്. ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടിയെടുത്തത്. തെറ്റുകൾ തിരുത്തുന്നവരെ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
പി ജയരാജനെ ഉൾപ്പെടുത്താത്തതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാവരെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു മറുപടി. 75 വയസുള്ള എല്ലാവരേയും സംസ്ഥാന സമിതികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം അവർക്ക് മറ്റു ചുമതലകൾ നൽകും. ജി സുധാകരനെയും ജയിംസ് മാത്യുവിനെയും ഒഴിവാക്കിയത് അവരുടെ അഭ്യർത്ഥന മാനിച്ചാണെന്നും കോടിയേരി വിശദീകരിച്ചു.ജി സുധാകരൻ ജില്ല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരും. പാർട്ടി ഭരണഘടനാപ്രകാരം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാത്തവരെയും സംസ്ഥാന സമിതിയിലേക്ക് എടുക്കാം. വനിതാ നേതാക്കളെ ഉൾപ്പെടുത്തുന്നത് അംഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യം നോക്കിയല്ലെന്നും കോടിയേരി പറഞ്ഞു.