Connect with us

KERALA

സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും

Published

on


കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്.

2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്‌ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടർന്ന്‌ 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന്‌2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ ഒഴിഞ്ഞുനിന്നു. ആ കാലയളവിൽ എ വിജയരാഘവനാണ്‌ സെക്രട്ടറിയുടെ ചുമതല നിർവ്വഹിച്ചത്‌.

പുതിയ കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്‌. എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുതായി കമ്മിറ്റിയിലെത്തിയത്‌. 12 പേർ കമ്മിറ്റിയിൽനിന്ന്‌ ഒഴിവായി.

54-ാം വയസ്സിൽ കോടിയേരി പൊളിറ്റ് ബ്യൂറോയിലെത്തി. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി കാൽനൂറ്റാണ്ടോളമായി നിയമസഭയിൽ തലശേരിയെ പ്രതിനിധീകരിച്ചു. 2006, 2011 വർഷങ്ങളിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2015ൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ൽ വീണ്ടും സെക്രട്ടറിയായെങ്കിലും 2020 നവംബറിൽ ആരോഗ്യകാരണങ്ങളാൽ താൽക്കാലികമായി ഒഴിവായി. പിന്നീട് തിരിച്ചെത്തി സ്ഥാനം ഏറ്റെടുത്തു.
ഭാര്യ: തലശേരി മുൻ എംഎൽഎ പരേതനായ എം.വി. രാജഗോപാലന്റെ മകൾ എസ്.ആർ.വിനോദിനി മക്കൾ: ബിനോയ്, ബിനീഷ്.

Continue Reading