Connect with us

KERALA

ആഡംബര ഹെലികോപ്റ്ററിന് ഗുരുവായൂരില്‍ വാഹനപൂജ

Published

on

ഗുരുവായൂർ: ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വാഹനപൂജ. ഇങ്ങനെയൊരു വാഹനപൂജ ഗുരുവായൂരില്‍ ചരിത്രത്തില്‍ ആദ്യം.

100 കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആദ്യമായി രവി പിള്ള വാങ്ങിയ എച്ച്‌ -145 ഡി 3 എയര്‍ ബസ് വ്യാഴാഴ്ച വൈകിട്ട് 3 -നാണ് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തത്. ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ ഹെലികോപ്റ്ററിന് മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തിവച്ച്‌ നാക്കിലയില്‍ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ പഴയം സുമേഷ് നമ്ബൂതിരി പൂജ നിര്‍വഹിച്ചു. ആരതിയുഴിഞ്ഞ് മാല ചാര്‍ത്തി കളഭം തൊടീച്ച്‌ വാഹനപൂജ പൂര്‍ത്തിയാക്കി.

രവി പിള്ള, മകന്‍ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റന്‍ സുനില്‍ കണ്ണോത്ത്, ക്യാപ്റ്റന്‍ ജി ജി കുമാര്‍, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു. കൊല്ലത്തുനിന്ന് ഗുരുവായൂര്‍ക്ക് പുറപ്പെട്ട എയര്‍ബസില്‍ കൊച്ചി വരെ നടന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ഹെലികോപ്റ്ററില്‍ പൈലറ്റിനെ കൂടാതെ ഏഴുപേര്‍ക്ക് യാത്ര ചെയ്യാം. സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളില്‍ പോലും ഇറങ്ങാനും പറന്നുയരാനും ഹെലികോപ്റ്ററിന് കഴിയും. അപകടമുണ്ടായാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനര്‍ജി ആഗിരണം ചെയ്യുന്ന സീറ്റുകളാണ് എച്ച്‌ 145ന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ധന ചോര്‍ച്ചയുടെ സാധ്യതയും കുറവാണ്. നൂതന വയര്‍ലെസ് ആശയവിനിമയ സംവിധാനവും H145-ല്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Continue Reading