Crime
തിരുവനന്തപുരം നഗരമദ്ധ്യത്തിൽ കൊലക്കേസ് പ്രതിയെ കാറിടിച്ചുകൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരമദ്ധ്യത്തിൽ കൊലക്കേസ് പ്രതിയെ കാറിടിച്ചുകൊന്നു. കാരാളി അനൂപ് വധക്കേസിലെ പ്രതിയായ വള്ളക്കടവ് സ്വദേശി സുമേഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ചാക്കയിൽ വച്ച് സുമേഷ് സഞ്ചരിച്ച ബൈക്കിൽ കാറിടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയതെന്നും ബാറിൽ വച്ചുണ്ടായ അടിപിടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്
ചാക്കയിൽ ബൈപ്പാസിന് സമീപത്തുള്ള ബാറിൽ സുമേഷും സുഹൃത്തും മദ്യപിക്കാനെത്തി. ഇവിടെവച്ച് അവിടെയുണ്ടായിരുന്ന ഒരു സംഘവുമായി ഇവർ വാക്കുതർക്കത്തിലും തുടർന്ന് കയ്യാങ്കളിയിലും എത്തി. അല്പം കഴിഞ്ഞതോടെ സംഘം അവിടെനിന്ന് പുറത്തിറങ്ങി കാറിൽ കാത്തുനിന്നു. സുമേഷും സുഹൃത്തും ബൈക്കിൽ വരവെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. തുടർന്ന് സംഘം രക്ഷപ്പെട്ടു.അല്പംകഴിഞ്ഞ് സ്ഥലത്തെത്തിയ വഞ്ചിയൂർ പൊലീസാണ് റോഡരികിൽ പരിക്കേറ്റ് കിടക്കുന്ന സുമേഷിനെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനപൂർവമുണ്ടാക്കിയ അപകടമാണെന്ന് തിരിച്ചറിയുകയാണുണ്ടായത്.