Crime
ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി ഇന്ന് . എൽ.കെ അദ്വാനി ഉൾപ്പെടെ 32 പ്രതികൾ

ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 28 വര്‍ഷം പഴക്കമുള്ള കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികള്‍. ഇവരെല്ലാവരും ഹാജരാകണമെന്ന് പ്രത്യേക കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അദ്വാനിയടക്കമുള്ളവര്‍ ഹാജരാകില്ലെന്നാണ് സൂചന. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഉമാഭാരതി മാത്രമേ എത്തില്ലെന്ന് അറിയിച്ചിട്ടൂള്ളൂവെന്ന് കോടതി വൃത്തങ്ങള്‍ പറഞ്ഞു. വിധി പറയുന്ന ജഡ്ജി എസ്.കെ. യാദവ് വിരമിക്കുന്നതും ഇന്നാണ്.
വിധി വരുന്ന പശ്ചാത്തലത്തില്‍ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചു. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്. പ്രതികളില്‍പ്പെട്ട ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട് റായ്, മുന്‍ എംപി വിനയ് കട്യാര്‍, മുന്‍ മധ്യപ്രദേശ് മന്ത്രിയും ബജ്‌റങ് ദള്‍ നേതാവുമായിരുന്ന ജയ്ഭാന്‍ സിങ് പവയ്യ തുടങ്ങിയവര്‍ ഇന്ന് ഹാജരാകുമെന്നറിയിച്ചിട്ടുണ്ട്.
32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകന്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു. 47 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 17 പേര്‍ വിചാരണ കാലയളവില്‍ മരണപ്പെട്ടു. രാമക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ആരോപിച്ച് 1992ലാണ് പള്ളി തകര്‍ക്കപ്പെട്ടത്.
പ്രതികള്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം 2001ല്‍ വിചാരണ കോടതി എടുത്തുകളഞ്ഞിരുന്നു. 2010ല്‍ അലഹബാദ് ഹൈക്കോടതി ഈ വിധി ശരിവെച്ചു. എന്നാല്‍ 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു. 2 വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയും തുടര്‍ന്ന് ഇന്നേക്കും തീയതി നീട്ടിക്കൊടുത്തു.