Connect with us

Entertainment

തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു

Published

on

കൊച്ചി : പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സമാന്തരസിനിമകളെയും വിനോദ സിനിമകളെയും ഒരേ താളത്തിൽ അവതരിപ്പിക്ക‌ുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. . പരന്ന വായനയും ചിന്തയും എഴുത്തിന്‍റെ വഴിയിൽ  കരുത്താക്കിയ ജോണ്‍ പോള്‍  പലപ്പോഴും സിനിമാ ചർച്ചകളിൽ സജീവമായി അവസാനകാലം വരെയും ഉണ്ടായിരുന്നു. 

കെ.ജി ജോർജ്  ഭരതൻ പത്മരാജൻ തുടങ്ങിയ പ്രതിഭകൾക്ക് ഒപ്പം പ്രവർത്തിച്ച ജോൺപോൾ നവഭാവുക സിനിമകൾക്ക് പ്രത്യേകമായ വഴി തുറന്നയാളാണ്. മമ്മൂട്ടി , മോഹൻലാൽ തുടങ്ങിയവർക്ക് വേണ്ടി നിരവധി തിരക്കഥകൾ രചിച്ച ജോൺപോൾ ഗ്യാംഗസ്റ്റർ എന്ന സിനിമയിലൂടെ നടനായി മാറുകയും ചെയ്തു മമ്മൂട്ടിക്ക് വില്ലനായി എത്തിയ ജോൺപോളിന്‍റെ പ്രകടനവും മികച്ചതാണ്.പിന്നീട് കെയ്റ് ഓഫ് സയ്റാ ബാനുവിലും  പ്രധാനവേഷത്തിൽ  എത്തിയിരുന്നു.

 ഐ.വി.ശശി, മോഹന്‍, ജോഷി, കെ.എസ്.സേതുമാധവന്‍, പി.എന്‍. മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരന്‍, വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച അദ്ദേഹം അവസാനകാലവും സിനിമയെ ജീവവായു ആക്കി മാറ്റിയ വ്യക്തിയാണ്.
 

നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. സാഹിത്യത്തെയും സിനിമയെയും ഒരുപോലെ വഴങ്ങിയ ജോണ്‍പോള്‍ മലയാള സിനിമയിലെ മഹാപ്രതിഭയാണ് എന്നതില്‍ സംശയമില്ല മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംവിധായകന്‍ ഭരതനുവേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്

സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളില്‍ നാലാമനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായപ്പോള്‍ ജോലി ഉപേക്ഷിക്കുകയാരുന്നു.

Continue Reading