KERALA
ലൈഫില്‍ സി.ബി.ഐക്ക് മൂക്ക് കയറിടാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക് സര്‍ക്കാറിനെ അറിയിക്കാതെ സി.ബി.ഐ കേസെടുത്തത് ശരിയല്ലെന്ന് മന്ത്രിസഭ

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.. ഇത് സംബന്ധിച്ച് എ.ജി സി.പി സുധാകര പ്രസാദിനോട് നേരത്തെ നിയമോപദേശം തേടിയിരുന്നു. സി.ബി.ഐയിടെ ഏകപക്ഷീയമായ ഇങ്ങിനെയുള്ള നടപടിയെ ചോദ്യം ചെയ്യാനാവുമെന്നാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. ഇത് മൂലമാണ് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയവുമായ് ബന്ധപ്പെട്ട് സി.ബി.ഐ എടുത്ത കേസ് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കാനും തീരുമാനിച്ചു. സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുക.ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. ഇതിന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്.. എന്നാല്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്ക് മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കാന്‍ കേരളത്തിന് കഴിയുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബംഗാളിലെ മമത സര്‍ക്കാറും ഇത്തരത്തില്‍ സി.ബി.ഐയെ വിലക്കാന്‍ ചില നിയമ പരിഷ്‌ക്കരണം നടത്തിയിരുന്നു. ഇതൊക്കെ ഉള്‍ക്കൊണ്ടാണ് കേരള സര്‍ക്കാര്‍ നിയമ പോരാട്ടത്തിന് ഇറങ്ങുന്നത.്