Crime
ഖത്തറിനു മുന്നില്‍ പോലും സാഷ്ടാംഗ നമസ്‌കാരം ചെയ്യുകയാണ് ഇന്ത്യയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും സാഷ്ടാംഗ നമസ്‌കാരം ചെയ്യുകയാണ് ഇന്ത്യയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ കീഴിലെ എട്ടു വര്‍ഷക്കാലം ഭാരതത്തിന് നാണക്കേടു കൊണ്ടു തലതാഴ്‌ത്തേണ്ടിവന്നതായി സ്വാമി ട്വിറ്ററില്‍ കുറിച്ചു. പ്രവാചക നിന്ദയുടെ പേരില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
‘ലഡാക്കില്‍ ചൈനയുടെ മുന്നില്‍ നമ്മള്‍ മുട്ടിലിഴഞ്ഞു, റഷ്യയ്ക്കു മുന്നില്‍ മുട്ടു മടക്കി, ക്വാഡില്‍ അമേരിക്കയുടെ മുന്നില്‍ പതുങ്ങി. കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും പോലും സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നു. വിദേശ നയത്തിന്റെ പിഴവാണ് ഇത്’- സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ പറയുന്നു.
പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തര്‍ പ്രതിഷേധം അറിയിച്ചു. പ്രവാചക നിന്ദയില്‍ ഒമാനിലും വലിയ പ്രതിഷേധമാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലിലി പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ കടുത്ത പ്രതികരണവുമായി പാകിസ്ഥാനും രംഗത്തെത്തി. പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ പരസ്യശാസന നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണ്.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായി. വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ, പാര്‍ട്ടിയുടെ അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വലിയ സംഘര്‍ഷം അരങ്ങേറിയിരുന്നു.
പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന്, ബിജെപി വക്താക്കളായ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പാര്‍ട്ടി പുറത്താക്കുകയും നൂപൂര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.വിഷയത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയും പുറത്തിറക്കി.
‘നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയര്‍ത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും പരമോന്നത ബഹുമാനം നല്‍കുന്നു. ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവനകള്‍ ഇന്ത്യയുടെ പൊതുനിലപാടായി കാണരുത്,’ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.