KERALA
വയനാട്ടുകാരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചു .തുരങ്കപാത പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ തുരങ്ക പാതയെന്ന് വിശേഷിപ്പാവുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.നാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പതിറ്റാണ്ടുകളായി ജനമാഗ്രഹിക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇന്ന് തുരങ്കപാത പദ്ധതി എത്തിനില്‍ക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പല പദ്ധതികളും എതിര്‍പ്പുകള്‍ കാരണം അട്ടിമറിക്കപ്പെടാറുണ്ട്. അനാവശ്യമായ വിവാദങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുന്നത് നാടിന്റെ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാരിന് സാധ്യമല്ല. എന്നാല്‍ ശരിയായ ആശങ്കകളെ സര്‍ക്കാര്‍ ആ രീതിയില്‍ കാണും. ഗൗരവമായ പഠനം നടത്തിയതിനു ശേഷമാണ് വനഭൂമിക്കടിയില്‍ പാറ തുരന്ന് ഏഴ് കിലോ മീറ്റര്‍ ദൂരമുള്ള തുരങ്ക പാത നിര്‍മ്മിക്കുന്നത്. രാജ്യത്തിലെ തന്നെ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ തുരങ്കപാതയാണിത്. വൈദഗ്ധ്യം ഉള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പ്പേറേഷനെയാണ് പദ്ധതി ഏല്‍പിച്ചതെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ തുരങ്കപാത പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
900 കോടിയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പാത യാഥാര്‍ത്ഥ്യമായാല്‍ കര്‍ണാടകത്തില്‍ നിന്നുള്ള ചരക്ക് ഗാഗതവും സുഗമമാവും. പദ്ധതി നടപ്പിലായാല്‍ താമരശ്ശേരി ചുരത്തിന്റെ വാഹനബാഹുല്യവും തുരങ്കം മൂലം കുറക്കാന്‍ സാധിക്കും. അത്തരത്തില്‍ താരശ്ശേരി ചുരത്തിന്റെ സംരക്ഷണം തുരങ്കം യാഥാര്‍ഥ്യമാവുന്നതോടെ ഉറപ്പുവരുത്താനാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മേപ്പാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലും തിരുവമ്പാടി ബസ്സ്റ്റാന്‍ഡിലും ക്രമീകരിച്ച സ്‌ക്രീനിലാണ് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രക്ഷേപണം ചെയ്തത്. തിരുവമ്പാടിയില്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, എം.പി.മാരായ എം.വി. ശ്രേയാംസ്‌കുമാര്‍, എളമരം കരീം എന്നിവര്‍ പങ്കെടുത്തു. മേപ്പാടിയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റ കെ. സഹദ് എന്നിവരും സംബന്ധിച്ചു.