Connect with us

KERALA

ബിനീഷ് കോടിയേരി ഇ.ഡിക്ക് മുമ്പാകെ ഹാജരാകാന്‍ ബംഗളുരുവിലേക്ക് തിരിച്ചു

Published

on


തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് പുറപ്പെട്ടു. സഹോദരന്‍ ബിനോയി കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത.് നാളെ ബംഗളൂരുവിലെ ശാന്തിനഗര്‍ ഇഡി ഓഫിസില്‍ ഹാജരാകാനാണ് ബിനീഷിന് നോട്ടീസ് നല്‍കിയിരുന്നത.് വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്യലിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ബിനീഷ് പ്രതികരിച്ചില്ല.
കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനൂപ് മുഹമ്മദിന് കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. കേസിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ബംഗലൂരു ഇഡി കഴിഞ്ഞയാഴ്ച കേസ് എടുത്തത്.

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി. അന്വേഷണസംഘവും വിശദമായി ചോദ്യംചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading