Connect with us

KERALA

ചെന്നിത്തല കണ്ണുരുട്ടി ഐ. ഫോൺ വിവാദത്തിൽ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പൻ

Published

on

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. സ്വപ്‌ന സുരേഷിന് അഞ്ച് ഐഫോണ്‍ നല്‍കി. എന്നാല്‍ സ്വപ്‌ന സുരേഷ് ആര്‍ക്ക് ഫോണ്‍ നല്‍കിയെന്ന് അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞു. വിജിലൻസ് ചോദ്യം ചെയ്തപ്പോഴാണ് സന്തോഷ് ഈപ്പൻ നിലപാട് മാറ്റിയത്.

ലൈഫ് മിഷൻ ഇടപാടിൽ കൈക്കൂലിയായി 4.48 കോടി രൂപ നൽകിയെന്ന് സന്തോഷ് മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന ഇടനില നിന്നാണ് പണം കൈമാറിയതെന്നും അദേഹം പറഞ്ഞു. ഇന്നലെയാണ് വിജിലൻസ് സന്തോഷ് ഈപ്പൻ്റെ മൊഴി രേഖപ്പെടുത്തിയത്.

നേരത്തെ രമേശ് ചെന്നിത്തലക്ക് അഞ്ച് ഐഫോണില്‍ ഒന്ന് നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. ഇതിനെതിരെ രമേശ് ചെന്നിത്തല അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നു.

അഞ്ച് ഫോണുകള്‍ സ്വപ്‌ന സുരേഷിന് കൈമാറിയെന്നും അതില്‍ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്വപ്‌ന ചെന്നിത്തലയ്ക്ക് കൈമാറിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ആരോപിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് എംഡി നൽകിയ ഹര്‍ജിയിലായിരുന്നു ഈ ആരോപണം.

ആരോപണം തള്ളിയ ചെന്നിത്തല ഐഎംഇഐ നമ്പര്‍ ട്രേസ് ചെയ്ത് ഉപയോഗിക്കുന്നയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനേ തുടര്‍ന്നാണ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചത്.

ഐ ഫോണ്‍ ആരോപണത്തിന്റെ പേരില്‍ സിപിഎം സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ചു തന്നെ ആക്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ആരോപണം ചര്‍ച്ചയായതിനേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ രൂക്ഷമായ വാക്‌പോരുണ്ടാകുകയും ചെയ്തു

Continue Reading