Crime
സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.
യങ് ഇന്ത്യന്‍ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. യങ് ഇന്ത്യന്‍ എന്ന കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോടെക്‌സ് മെര്‍ച്ചന്‍ഡൈസ് എന്ന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ യങ് ഇന്ത്യയ്ക്ക് ലഭിച്ചതിന്റെ രേഖകള്‍ നേരത്തെ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതില്‍ അമ്പത് ലക്ഷം രൂപ കോണ്‍ഗ്രസിന് കൈമാറിയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ ഓഹരി യങ് ഇന്ത്യ വാങ്ങിയത്. ഇതേക്കുറിച്ച് നേരത്തെ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇഡി വിവരങ്ങൾ ചോദിച്ചിരുന്നു.